അഞ്ജുശ്രീ ജനുവരി 5ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ വിഷാംശത്തിൻറെ സാന്നിധ്യമില്ല; മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ജുശ്രീ ജനുവരി 5ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ വിഷാംശത്തിൻറെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി. അഞ്ജുശ്രീ പ്രാഥമിക പരിശോധന നടത്തിയത് ദേളിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബിലായിരുന്നു. തുടർന്ന് ഈ മാസം 7 നാണ് അഞ്ജുശ്രീയുടെ ആരോഗ്യനില മോശമായി മരണം സംഭവിച്ചത്. അതേസമയം, കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭക്ഷണത്തിൽ നിന്നല്ലാതെയുള്ള വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൻറെ ഭാഗമായി ബന്ധുക്കളിൽ നിന്ന് പൊലീസ് വീണ്ടും വിവരങ്ങൾ ശേഖരിച്ചു. അഞ്ജുശ്രീയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. രാസ പരിശോധന ഫലത്തിലൂടെ കുടുതൽ വ്യക്തത വരുമെന്നാണ് പൊലീസിൻറെ വിലയിരുത്തൽ. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെയായിരുന്നു അഞ്ജുശ്രീയുടെ മരണം. തുടർന്ന് ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഭക്ഷ്യവിഷബാധയല്ല മറ്റൊരു വിഷാംശമാണ് അഞ്ജുശ്രീയുടെ കരൾ ഉൾപ്പെടെ പ്രവർത്തനരഹിതമാക്കാൻ കാരണം എന്നാണ് വിലയിരുത്തൽ.