സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; കണ്ണൂർ നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയത്തെ നഴ്സ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധനയിൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തി. കണ്ണൂരിൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം, തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ്. കണ്ണൂർ നഗരത്തിൽ മാത്രം 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. എം ആർ എ ബേക്കറി, എം വി കെ റസ്‌റ്റോറന്റ്, സെവൻത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടൽ, ബർക്ക ഹോട്ടൽ, ഡി ഫിൻലാന്റ് ഹോട്ടൽ, ഹംസ ടീ ഷോപ്പ്, ഗ്രീഷ്മ ഹോട്ടൽ, മറാബി റസ്റ്റോറന്റ്, കൽപക ഹോട്ടൽ എന്നിങ്ങനെ 58 ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യ വസ്തുക്കൾ പിടിച്ചത്. ഏഴ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തതെല്ലാം. കഴിഞ്ഞ മെയ് മാസം കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തോടെയാണ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് വൻ പ്രഖ്യാപനങ്ങൾ നടത്തിയത്. എന്നാൽ പ്രഖ്യാപിച്ച നടപടികൾ ഒന്നും മാസങ്ങൾ പിന്നിട്ടിട്ടും പ്രാവർത്തികമായില്ല. സംസ്ഥാനത്തെ ആറു ലക്ഷം സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രമാണ് ഇപ്പോൾ ഉള്ളത്. പൊതുജനങ്ങൾക്ക് പരാതി പറയാനുള്ള ഓൺലൈൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങാൻ ഇനിയും സമയമെടുക്കുമെന്നാണ് ഉദ്യോഗസ്ഥ തല വിശദീകരണം.