നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നതെന്ന് എം വി ഗോവിന്ദൻ . അതിന്റെ തുടർച്ചയാണ് സജി ചെറിയാൻ വിഷയത്തിലും നടക്കുന്നത്.ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ, മന്ത്രിസഭയിലേക്ക് തിരികെയെടുക്കാന്‍ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിയമവ്യവസ്ഥ തുടരുന്ന നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകാൻ ആകില്ല .
ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ്. ഗോപകുമാരന്‍ നായര്‍ നല്‍കിയിരിക്കുന്ന ഉപദേശത്തില്‍ പറയുന്നു.
ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ഗവർണർ എന്ത് നിലപാടെടുക്കുമെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.