തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റ് നല്‍കുന്നത് അവസാനിപ്പിച്ച് റെയിൽവേ. മുൻകൂര്‍ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകള്‍ പകൽ സമയങ്ങളില്‍ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കയ്യേറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി എന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ഈ സംവിധാനം തുടരും. എന്നാല്‍ കോവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നല്കുന്ന സംവിധാനം നടപ്പാക്കിയിട്ടില്ല. പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാം. തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525) എന്നിവയാണ് ആ ട്രെയിനുകള്‍.