അയ്യൻകുന്നിൽ കൂടുതൽ സ്ഥലങ്ങളിൽ കർണാടകയുടെ ബഫർ സോൺ അടയാളപ്പെടുത്തലുകൾ കണ്ടെത്തി; അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന് കർണാടക വനം വകുപ്പ്

കണ്ണൂർ അയ്യൻകുന്നിൽ കൂടുതൽ സ്ഥലങ്ങളിൽ കർണാടകയുടെ ബഫർ സോൺ അടയാളപ്പെടുത്തലുകൾ കണ്ടെത്തി. കർണ്ണാടകയുടെ കുടക് മേഖല അതിരിടുന്ന മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ആണെന്ന നിലയിൽ പഞ്ചായത്തിൻ്റെ കൂടുതൽ മേഖലകളിലാണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയത്. മറ്റിടങ്ങളിൽ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ 14 സ്ഥലങ്ങളിലായി അയ്യൻകുന്ന് പഞ്ചായത്തിന്റെ വനാതിർത്തി മേഖലകളിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിരിക്കുന്നത്. ജി പി 111 നമ്പർ മുതൽ കണ്ടെത്തിയ അടയാളങ്ങളിൽ കളിതട്ടുംപാറയിലേത് ജെ പി 118 എന്നാണ്. കണ്ണൂർ വനം വകുപ്പ് പ്രതിനിധി പി. കാർത്തിക് മടിക്കേരി ഡി എഫ് ഓയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കർണാടക വനം വകുപ്പ് ഇങ്ങനെയൊരു അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്. ഇതോടെ കേരളത്തിൻ്റെ ഭൂമിയിൽ കയറി അടയാളപ്പെടുത്തലുകൾ നടത്തിയത് ആര് എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം കേരള സർക്കാരിനാണ്. കണ്ണൂർ ഫ്ലൈം സ്ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ രാമൻറെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം അടയാളങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞദിവസം കണ്ടതിൽ നിന്നും വ്യത്യസ്തമായി ബാരാപോൾ പദ്ധതി പ്രദേശത്തെ പാലത്തിൽ കെ എസ് ടി പി റോഡിൽ പാലത്തും കടവ് പള്ളിയിൽ നിന്ന് 100 മീറ്റർ മാറി ചേന്നപ്പള്ളി തങ്കച്ചന്റെ വീടിനു സമീപം റോഡ്, ഭിത്തി, എന്നിവിടങ്ങളിലും മാർക്ക് ചെയ്തിട്ടുണ്ട്. രണ്ടാം കടവ് വാർഡ് അംഗം ബിജോയ് പ്ലാതോട്ടത്തിന്റെ വീടിന് സമീപവും റോഡിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തി. കഴിഞ്ഞദിവസം അടയാളപ്പെടുത്തലുകൾ കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറമെ ഉരുപ്പും കുറ്റി പള്ളിക്കുന്നിലെ റോഡിലും സമാനമായ രീതിയിലുള്ള അടയാളം കണ്ടെത്തിയിട്ടുണ്ട് .