പതിനാറാം വയസിൽ ആദ്യഗോൾ, ഇരുപത്തിയൊന്നാം വയസിൽ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരം, നൂറ്റാണ്ടുകളുടെ ഫുട്ബോൾ ഇതിഹാസം പെലെ

നൂറ്റാണ്ടുകളുടെ ഫുട്ബോൾ ഇതിഹാസ താരമാണ് പെലെ. പതിനാറാം വയസിൽ 1957 ജൂലൈ ഏഴിനാണ് പെലെ ആദ്യമായി ബ്രസീലിനായി ബൂട്ടുകെട്ടുന്നത്. ആദ്യ കളിയിൽ തന്നെ അർജന്‍റീനയ്ക്കെതിരേ ഗോൾ. പെലെയുടെ ആ ദേശീയ റെക്കോർഡ് ഇന്നും തിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. പിറ്റത്തെ വർഷം 1958ൽ പതിനേഴാം വയസിൽ ലോകകപ്പ് ഫൈനൽ കളിച്ചു നേടി. ആ റെക്കോർഡും ഇന്നും അങ്ങനെ തന്നെ നിൽക്കുകയാണ്. 1962 ലെ ലോകകപ്പിൽ ഇരുപത്തിയൊന്നാം വയസിൽ ലോകത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരമായി പെലെ. രണ്ടാം വട്ടവും കിരീടം ചൂടിയ പെലെക്ക് 66 ലോകകപ്പിൽ നന്നായി കളിക്കാൻ സാധിച്ചില്ല. പരുക്കും മോശം റഫറീയിങ്ങും മൂലം ഇനി ലോകകപ്പിനില്ലെന്നു പ്രഖ്യാപിച്ച പെലെ 1970ൽ രാജ്യത്തിന്‍റെ സമ്മർദത്തിനു വഴങ്ങി. കളത്തിൽ നിന്നു തിരികെ കയറിയത് കപ്പുമായി തന്നെ ആയിരുന്നു. മൂന്നു ലോകകിരീടം നേടുന്ന ഒരേയൊരു താരമാണ് പെലെ. ഫുട്ബോളിന്‍റെ മാത്രമല്ല കായിക ലോകത്തിന്‍റെ തന്നെ എക്കാലത്തേയും ഇതിഹാസതാരമാണ്. ഗോളെണ്ണത്തിലും കേളീമികവിലും പെലെയെ മറികടക്കുന്ന ആരും മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. കാൽ ഇടത്തും വലത്തും ഒരു പോലെ വഴങ്ങുമെങ്കിലും പന്ത് എന്നും നെഞ്ചിലേറ്റു വാങ്ങിയാണ് എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്ന പേലേക്കു ശീലം. പ്രതിരോധക്കാർ വളഞ്ഞുനിന്നതുകൊണ്ട് ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന് പെലെ ഒരിക്കലും പറഞ്ഞിട്ടില്ല. വളഞ്ഞു നിന്നവരെ വെട്ടിച്ചുപോയി ഗോളടിക്കുന്നതിലായിരുന്നു പെലെക്ക് താല്പര്യം. അതുകൊണ്ടാണ് 1363 മത്സരങ്ങളിലായി 1297 ഗോളുകൾ അടിക്കാൻ പെലെക്ക് സാധിച്ചതും. കളിക്കൊരു ഗോളിന് തൊട്ടടത്തുവരുന്ന ശരാശരി.