കൊച്ചിന്‍ കാര്‍ണിവലിലെ ക്രിസ്മസ്  പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായ; പ്രതിഷേധവുമായി ബി.ജെ.പി; നിര്‍മ്മാണം നിര്‍ത്തി

കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി പ്രതിഷേധം. ബിജെപിയാണ് പ്രതിഷേധവുമായെത്തിയത്. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം കര്‍ണിവല്‍ അധികൃതര്‍ നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രതിഷേധത്തിൽ നിന്ന് പിന്‍വാങ്ങിയത്.
കൊവിഡിന് ശേഷമെത്തുന്ന കൊച്ചിന്‍ കാര്‍ണിവൽ 39 വര്‍ഷത്തിലേക്ക് കടക്കുകയാണ്. 31ന്  പുതുവർഷപ്പുലരിയെ വരവേറ്റ്‌, രാത്രി എട്ടുമുതൽ കലാപരിപാടികൾ അരങ്ങേറും. രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കലും കരിമരുന്നുപ്രയോഗവും നടക്കും. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ നിരവധി പേരാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും എത്തുന്നത്.