ആഴിമലയിലെ യുവാവിന്റെ മരണം ;പ്രണയ നൈരാശ്യം മൂലം ആത്മഹത്യാ ചെയ്തതെന്ന് പോലീസ് കണ്ടെത്തൽ

അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ തിരുവനന്തപുരം മൊട്ടമൂട് സ്വദേശിയായ കിരണിനെ കഴിഞ്ഞ ജൂലൈ ഒൻപതിനാണ് പെൺകുട്ടിയുടെ സഹോദരനും അളിയും ചേർന്ന് തട്ടിക്കൊണ്ടു പോയത്. പ്രതികൾ തട്ടിക്കൊണ്ടു പോയതിന് ശേഷം കിരണിനെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല. ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തുട‍ർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം കിരണിൻ്റേത് തന്നെ എന്നുറപ്പിച്ചത്.

കിരണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കിരണിന്റെ കുടുംബം. എന്നാൽ കിരൺ ഓടി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നെങ്കിലും കിരണിനെ ആരും പിന്തുടർന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നും ബോധ്യമായി .ഇതോടെ കൊലപാതക സാധ്യത പൊലീസ് തള്ളി. കിരൺ കടപ്പുറത്തേക്ക് ഓടി അധിക സമയം കഴിയും മുൻപേ ഒരാൾ കടലിലേക്ക് ചാടുന്നത് കണ്ടെന്ന് ക്ഷേത്രപരിസരത്ത് നിന്ന രണ്ട് പേർ ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയിൽ കിരണിനോട് രൂപസാദൃശ്യമുള്ള ആളാണ് കടലിൽ ചാടിയത് എന്ന് വ്യക്തമായി.ലഭ്യമായ എല്ലാ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

പെൺകുട്ടിയുമായുള്ള പ്രണയം തകരുകയും ബന്ധം അവസാനിപ്പിക്കേണ്ടി വരികയും ഇതേ ചൊല്ലി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും ചെയ്തതോടെ ഉണ്ടായ മാനസിക സംഘർഷത്തിലാക്കാം ജീവനൊടുക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കിരൺ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ബന്ധം തകർന്നതോടെ കിരണ് കടുത്ത പ്രണയനൈരാശ്യത്തിലായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുകൾ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. കാര്യങ്ങളിൽ വ്യക്തത വന്നതോടെ കേസിൽ ഉടനെ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.