എൽ ഡി എഫ് കൺവീനർ സ്ഥാനത്തു നിന്ന് രാജി വയ്ക്കാനൊരുങ്ങി ഇ പി ജയരാജൻ

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ സന്നദ്ധത അറിയിച്ചതായി സൂചന.ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്.ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം അറിയിച്ചത്.എന്നാൽ മൊറാഴയിലെ വൈദേകം ആയൂ‍ര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ടതുകൂടിയാണ് രാജി സന്നദ്ധതയ്ക്ക് കാരണമെന്നാണ് സൂചന .കഴിഞ്ഞ ദിവസം ഈ വിഷയം സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതായും പരാതി എഴുതി നൽകാൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചതായും വാർത്തകൾ വന്നിരുന്നു .
പാർട്ടി പരിപാടികളിൽ നിന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇ പി വിട്ടുനിൽക്കുകയായിരുന്നു. ഏതാനും ചില പരിപാടികളില്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.കണ്ണൂരിലെ പാർട്ടി പരിപാടികളിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുന്ന സാഹചര്യമാണുള്ളത്. പാർട്ടിയില്‍ പുതിയ നേതൃത്വം വന്നത് മുതല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് ഇപ്പോൾ സാമ്പത്തിക ആരോപണങ്ങളും അദ്ദേഹത്തിന് നേരെ നീളുന്നത് .പാർട്ടി നേതൃത്വത്തിന് മനസ്സിലാകുന്ന ഭാഷയിൽ എല്ലാം താൻ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ് അടുത്തവൃത്തങ്ങളോട് അദ്ദേഹം വ്യക്തമാക്കുന്നത് .
അതെ സമയം അതേസമയം, കഴിഞ്ഞ ദിവസവും തന്റെ നിലപാട് ആവർത്തിച്ച് പി ജയരാജന്‍ രംഗത്ത് എത്തിയിരുന്നു. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്നായിരുന്നു കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പാർട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവർ പാർട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ജീർണ്ണത പാർട്ടി പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തി താല്പര്യം പാർട്ടി താല്പര്യത്തിന് കീഴ്പ്പെടണം. ഇക്കാര്യം ഒരോ പാർട്ടിം അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.