ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാന പൈലറ്റ് ആയി മുസ്ലിം വനിതയെ തെരെഞ്ഞെടുത്തു .ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശിലെ മിർസപുർ സ്വദേശി സാനിയ മിർസ.നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷ വിജയിച്ച സാനിയ പൂണെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ഡിസംബർ 27 ന് പ്രവേശനം നേടും.പത്താം ക്ലാസ് വരെ ഹിന്ദി മീഡിയം സ്കൂളിലാണ് സാനിയ പഠിച്ചിരുന്നത്. ഹിന്ദി മീഡിയത്തിൽ പഠിച്ച തനിക്ക് ഈ വിജയം വലിയ നേട്ടമാണെന്നും ഹിന്ദി മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾക്കും ലക്ഷ്യബോധമുണ്ടെങ്കില്‍ വിജയം കൈവരിക്കാനാവുമെന്നും സാനിയ പറഞ്ഞു. രണ്ടാമത്തെ ശ്രമത്തിലാണ് ഈ നേട്ടം സാനിയയ്ക്ക് കൈവരിക്കാൻ സാധിച്ചത്.
നാഷണൽ ഡിഫന്‍സ് അക്കാദമിയിൽ ആകെയുള്ള 400 സീറ്റുകളിലേക്കാണ് ഈ വർഷം പരീക്ഷ നടന്നത്. ആകെയുള്ള 400 സീറ്റിൽ 19 എണ്ണം സ്ത്രീകൾക്കു മാറ്റിവെച്ചതാണ്. ഇതിൽ രണ്ടു സീറ്റുകൾ വനിതാ യുദ്ധ വിമാന പൈലറ്റുകൾക്കു വേണ്ടി സംവരണം ചെയ്തതാണ്. ഇതിൽ ഒരു സീറ്റിലാണ് സാനിയ പ്രവേശനം നേടിയിരിക്കുന്നത്.
സാനിയയുടെ പിതാവ് ഷാഹിദ് അലി ടെലിവിഷൻ മെക്കാനിക്കാണ്. സ്കൂൾ കാലം മുതൽക്കേ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ വിദ്യാർത്ഥിയായിരുന്നു സാനിയ .യു.പി.യിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് സാനിയയ്ക്കായിരുന്നു.രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ ആവ്നി ചതുർവേദിയാണ് തന്റെ റോൾ മോഡലെന്ന് സാനിയ പറഞ്ഞു.