അമേരിക്കയിലേക്ക് പോകുന്നതിന് മുന്നോടിയായി മനഃപൂർവം കോവിഡ് ബാധിത യായി ചൈനീസ് ഗായിക : താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം

 

ലോകമെമ്പാടും വീണ്ടും കോവിഡ് ഭീതി പടരുന്നതിനിടെ കോവിഡ് രോഗം രൂക്ഷമായ ചൈനയില്‍ അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുകയാണ് . മനഃപൂര്‍വ്വം രോഗബാധിതയായെന്ന് ചൈനീസ് ഗായിക വെളിപ്പെടുത്തിയത് സൈബര്‍ ലോകത്ത് വലിയ ചർചയായിരിക്കുകയാണ് .ചൈനീസ് ഗായികയും ഗാനരചയിതാവുമായ ജെയ്ന്‍ഴാങ്ങാണ് താന്‍ മനഃപൂര്‍വ്വം കോവിഡ് ബാധിതയായെന്ന് അവകാശപ്പെട്ട് ജനങ്ങൾക്ക് മുന്നിൽ എത്തിയത്. താരത്തിന്റെ വെളിപ്പെടുത്തല്‍ ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ വെയ്‌ബോയിലൂടെയായിരുന്നു .സംഭവം വിവാദമായതോടെ ഇവര്‍ ബ്ലോഗ് പിന്‍വലിച്ചു.ഒമിക്രോണ്‍ വകഭേദമായ BF.7 ചൈനയില്‍ പടര്‍ന്നുപിടിക്കുന്നത് ലോകം തന്നെ ആശങ്കയോടെ കാണുന്നതിനിടെയാണ് ഗായിക വിചിത്രവാദവുമായി എത്തിയത് . രോഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരുമായി അടുത്തിടപഴകുകയും ചെയ്താണ് താന്‍ രോഗബാധിതയായതെന്നാണ് താരം പറഞ്ഞത് .
അതേസമയം , അമേരിക്കയില്‍ ഴാങ് പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടി ഉടന്‍ നടക്കുന്നുണ്ട്. ഈ പ്രോഗ്രാമിനിടെ കൊറോണ ബാധിച്ചാലോ എന്ന ആശങ്ക കാരണമാണ് മുന്‍പ് തന്നെ അസുഖം ബാധിക്കാനായി താന്‍ ഈ സാഹസം ചെയ്തതെന്നാണ് ഴാങ് വിശദീകരിക്കുന്നത്.ഇപ്പോള്‍ കൊറോണ വന്നാല്‍ പരിപാടിയുടെ സമയമാവുമ്പോഴേക്കും രോഗമുക്തയാകാമെന്നും അതിനാല്‍ നേരത്തേ തന്നെ പോസിറ്റീവ് ആകാന്‍ തീരുമാനിച്ചു എന്നുമാണ് താരം പറയുന്നത്.
എന്നാൽ രാജ്യത്ത് കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ഇങ്ങനെ ചെയ്തത് വളരെ വലിയ തെറ്റായെന്നും അപക്വമായാണ് താരം പെരുമാറിയതെന്നടക്കമുള്ള വിവിധ കമന്റുകൾ ഇവർക്കെതിരെ വന്നുകൊണ്ടിരിക്കുകയാണ് . സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധങ്ങൾ വന്നതോടെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ജെയ്ന്‍ രംഗത്തെത്തിയിരിക്കുകയാണ്.