കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. 19 വര്‍ഷമായി നേപ്പാൾ ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു . 78 കാരനായ ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്താണ് മോചിപ്പിക്കാൻ സുപ്രിം കോടതി ഉത്തരവിട്ടത് .നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോ കും. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
അമേരിക്കൻ സഞ്ചാരികളുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 2003 മുതൽ കഠ്മണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75% പൂർത്തിയായാൽ നേപ്പാളിൽ മോചനത്തിന് വ്യവസ്ഥയുണ്ട്. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്.ഇരുപതോളംകൊലപാതകങ്ങളിൽ പ്രതിയായെങ്കിലും ചാൾസ് ശോഭരാജ് എന്ന സീരിയൽ കില്ലറിൻ്റെ ഉദ്ദേശം ഒരിക്കലും വ്യക്തമായിരുന്നില്ല. 1976 മുതല്‍ 1997 വരെ ഇന്ത്യയിലെ ജയിലിലായിരുന്ന ചാള്‍സ് ശോഭരാജ് ജയില്‍മോചിതനായ ശേഷം പാരിസിലേക്ക് മടങ്ങി . 2003-ല്‍ നേപ്പാളിലേക്ക് പോയി അവിടെ വീണ്ടും നടത്തിയ കൊലപാതകത്തിൽ ജയിലിലാവുകയായിരുന്നു. ബിക്കിനി കില്ലറെന്നും ദി സെർപ്പെന്‍റ് എന്നുമായിരുന്നു ചാൾസിന്‍റെ വിളിപ്പേരുകൾ.ചാൾസ് ശോഭരാജിനെ പ്രമേയമാക്കി നാല് ജീവചരിത്രങ്ങള്‍, മൂന്ന് ഡോക്യുമെന്ററികള്‍, സിനിമ, ഡ്രാമ സീരീസ് എന്നിവ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.