ക്രിസ്മസ്, പുതുവത്സര സീസൺ; കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാൻ കേരളത്തിലേക്ക് പുതുതായി അനുവദിച്ച ദക്ഷിണ റെയില്‍വേയുടെ 17 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ സർവീസ് നടത്തും. സീസണായതിനാല്‍ യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്. ഇന്ന് മുതല്‍ 2023 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കൂടാതെ ദക്ഷിണ റെയില്‍വേയും മറ്റ് സോണല്‍ റെയില്‍വേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഉണ്ടാകും. ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ കേരളത്തിലേക്കുള്ള 38 സര്‍വീസുകള്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ 8 പ്രത്യേക ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ 4 പ്രത്യേക ട്രെയിനുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതോടെ സീസണില്‍ കേരളത്തില്‍ ആകെ 51 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.