കൊച്ചിയിലും ഇനി 5 ജി; തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 5 ജി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

5 ജി സേവനം ഇനി കേരളത്തിലും. കൊച്ചിയിലാണ് 5 ജി ആദ്യമെത്തുന്നത്.കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങൾ ഇന്ന് മുതൽ 5 ജി ലഭിക്കും. റിലയസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. 5 ജിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും ഉണ്ടാകും. തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക. അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജി ലഭിക്കും. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ട കാര്യമില്ല.
ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമാകാൻ തുടങ്ങിയത്. മെട്രോ നഗരത്തിൽ 5 ജി എന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5 ജി ആദ്യമെത്തുന്നത്. ആദ്യഘട്ടത്തിന് ശേഷം ഉള്‍പ്രദേശങ്ങളിലേക്ക് 5 ജി എത്താന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോയുടെ പ്രഖ്യാപനം. അടുത്ത വർഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കുന്നുണ്ട്. എയർടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്. വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സ്പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.