ഉടന്‍ വിരമിക്കാനില്ലെന്ന് ലിയോണല്‍ മെസി;ടീമിനോടൊപ്പം തുടരും

ലോകകിരീടത്തിന്റെ പ്രൗഢിയിൽ നില്‍ക്കെ വിരമിക്കൽ ഉടന്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. അടുത്ത ലോകകപ്പിലും മെസി ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പറഞ്ഞു.98ലെത്തി നില്‍ക്കുന്ന മെസ്സിയുടെ ഗോള്‍നേട്ടത്തിനപ്പുറം ഒരു കോപ്പ അമേരിക്കയ്ക്ക് കൂടി കളമൊരുക്കാമെന്നാണ് പ്രതീക്ഷ.തുടരെ മൂന്ന് വര്‍ഷം മൂന്ന് ഫൈനലുകളില്‍ അര്‍ജന്റീന തോൽവി വഴങ്ങിയപ്പോൾ മെസി പൊട്ടിക്കരഞ്ഞു പ്രഖ്യാപിച്ചിരുന്നു, ഇനി ഈ ജേഴ്‌സിയണിയാന്‍ ഞാനില്ലെന്ന്. ആവുന്നതെല്ലാം ചെയ്തിട്ടും എനിക്ക് നാടിന് കിരീടം നല്‍കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അര്‍ജന്റീനയുടെയും ഫുട്‌ബോള്‍ പ്രേമികളുടെയും ആഗ്രഹങ്ങൾ സഫലമാകാൻ പിന്നെയും മെസ്സി പടക്കോപ്പുകള്‍ കൂട്ടുകയായിരുന്നു .പിന്നീട് നടന്നത് ചരിത്രം .ആറ് വര്‍ഷത്തെ ഇടവേളയില്‍ 3 കിരീടങ്ങള്‍. തന്റെ കരിയറിന്റെ പൂര്‍ണതയിലെത്തുമ്പോള്‍ നെഞ്ചില്‍ ചേര്‍ത്തുവച്ച ജേഴ്‌സിയൂരാന്‍ മെസിക്കാകില്ല. ഈ ചാംപ്യന്‍ടീമിനൊപ്പം ഇനിയും കളിക്കണമെന്ന് മെസി. അടുത്ത ലോകകപ്പാമ്പോള്‍ മെസിക്ക് 39 വയസ്സാകും. എങ്കിലും അര്‍ജന്റൈന്‍ നായകന്റെ ഇടം ആര്‍ക്കും നല്‍കില്ലെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പ്രഖ്യാപിക്കുന്നു.
ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.