സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാഴ്ച്ചയൊരുക്കി തളിപ്പറമ്പിൽ ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമാകുന്നു. ഡിസംബർ 19 ,20 ,21 തീയതികളിൽ തളിപ്പറമ്പ് ക്ലാസ്സിക്, ആലിങ്കീൽ, മൊട്ടമ്മൽ മാൾ എന്നിവിടങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് .19ന് വൈകുന്നേരം 4 മണിക്ക് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും.തളിപ്പറമ്പ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയ-സാമൂഹിക സത്വത്തെ പ്രബുദ്ധമാക്കുന്ന അനുഭവങ്ങളുടെ കഥയുമായി 19(1)a, സ്വപ്നങ്ങൾക്കും സമൂഹത്തിന്റെ പ്രതീക്ഷകൾക്കുമിടയിൽ ജീവിതത്തെ ചലിപ്പിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ഫ്രീഡം ഫൈറ്റ്, കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രണയകഥ പറയുന്ന തഗ് ഓഫ് വാർ, വിശ്വാസ വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥയുമായെത്തുന്ന ദ സ്റ്റോറി ടെല്ലർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ എന്നീ വിഭാഗങ്ങളിൽ മൂന്ന് ദിവസങ്ങളിലായി 31 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മേളയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
ഐഎഫ്എഫ്കെയുടെ റീജിയണൽ ഫെസ്റ്റ് എന്ന നിലയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഐഎഫ്എഫ്കെയുടെ മത്സര വിഭാഗത്തിലെയും മലയാള ചലച്ചിത്ര വിഭാഗത്തിലെയും മുഴുവൻ സിനിമകളും ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി എല്ലാ ദിവസവും ഓപ്പൺ ഫോറവും ഉണ്ടാവും. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ടൂർ ഇൻ ടാക്കീസ്, ഫിലിം എക്സിബിഷൻ, വിദ്യാർത്ഥികൾക്കായി ചലച്ചിത്ര വർക്ക് ഷോപ്പ് എന്നിവയും നടക്കും https://registration.iffk.in/index.php/Accountrecovery/registration എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലെെനായി രജിസ്റ്റർ ചെയ്യാം.