യു.കെ നോർത്താംപ്ടൺഷയറിലെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകം ആരോപിച്ച് മരിച്ച യുവതിയുടെ ഭർത്താവ് കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ ഷാജു (52)വിനെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുത്തുമില്ല. തുടർന്ന് ബന്ധുക്കൾ യു.കെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവർ വന്നുനോക്കിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് യു.കെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ കുത്തിത്തുറന്നപ്പോഴാണ് മൂന്ന് പേരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യു.കെ നോർത്താംപ്റ്റൺ ഷെയർ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗളൂരുവിൽ ടാക്സി ഡ്രൈവറായിരുന്നു ഷാജു. അടുത്തിടെയാണ് ഇവർ യു.കെയിലേക്ക് താമസം മാറിയത്. 4 മാസം മുൻപാണ് ഷാജു നാട്ടിൽ വന്ന് 2 മക്കളേയും കൂട്ടി പോയത്.