പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിഐക്കെതിരെ കേസെടുത്തു. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസെടുത്തത്. നിലവിൽ ജയ്‌സനിൽ സസ്‌പെൻഷനിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചിരുന്നു. എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തു വരുന്നത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചിരുന്നു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പോക്‌സോ കേസ് ഒതുക്കി തീർക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിന് ഇയാളെ നേരത്തെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.