ഉദയനിധി സ്റ്റാലിന്‍ ; തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുത്തൻ താരോദയം

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യൂത്ത് വിങ് സെക്രട്ടറിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ തമിഴ് രാഷ്ട്രീയത്തിൽ തലമുറ മാറ്റത്തിന് വഴിയൊരുങ്ങുകയാണ്.കുടുംബാധിപത്യം തുടരുന്ന ആദ്യത്തെ പാർട്ടിയല്ല ഡിഎംകെ. എന്നാൽ അച്ഛനും മകനും ഒരേ മന്ത്രിസഭയിൽ വരുന്നത് താരതമ്യേന അപൂർവമാണ്.

2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നാണ് ഉദയനിധി 68.92% വോട്ടുകൾ നേടി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്. ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നാണിത്.സാക്ഷാൽ കരുണാനിധിയുടെ മണ്ഡലം. തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45 കാരനായ ഉദയനിധി

1984 ൽ ആദ്യമായി എംഎൽഎ ആയ സ്റ്റാലിനെ മന്ത്രിയാക്കാൻ പിതാവും മുഖ്യമന്ത്രിയും ഡി എം കെ തലവനുമായിരുന്ന കരുണാനിധി 25 വർഷം കാത്തിരുന്നു. എന്നാൽ 2021 ൽ ആദ്യമായി എം എൽ എ ആയ മകനെ മുഖ്യമന്ത്രിയും പാർട്ടി തലവനുമായ സ്റ്റാലിൻ 20 മാസത്തിൽ മന്ത്രിയാക്കി.
2021ല്‍ തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി.കൂടാതെ ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര കമ്പനികളിലൊന്നിന്റെ തലവനും സിനിമാ നടനുമാണ് ഉദയനിധി സ്റ്റാലിൻ

നിര്‍മാതാവായി സിനിമാരംഗത്ത് എത്തിയ ഉദയനിധി റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ 2008ൽ വിജയും തൃഷയും അഭിനയിച്ച കുരുവി എന്ന ചിത്രം നിർമ്മിച്ചു. പിന്നീട് ആധവൻ (2009), ഏഴാം അറിവ് (2011), ഭാര്യ കൃതിക സംവിധാനം ചെയ്ത വണക്കം ചെന്നൈ (2013) തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ചു.സിനിമാ നിർമാണത്തോടൊപ്പം തന്നെ അഭിനയരം​ഗത്തും ഉദയനിധി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആധവൻ എന്ന ചിത്രത്തിലെ ഒരു ചെറിയ അതിഥി വേഷത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. എന്നാൽ നടനെന്ന നിലയിൽ തന്റെ അവസാന ചിത്രമായിരിക്കും മാമന്നൻ എന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉദയനിധി പ്രഖ്യാപിച്ചു

എംഎൽഎ ആകുന്നതിന് മുൻപ് ഡിഎംകെയുടെ രാഷ്ട്രീയ പ്രചാരണങ്ങളിൽ സജീവമായിരുന്നു ഉദയനിധി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കെതിരെയും ഉദയനിധി വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ കോവിഡാനന്തര കാലത്തും പ്രളയ കാലത്തും മണ്ഡലത്തില്‍ ഉദയനിധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.