തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് രാജ്ഭവനിലെ ദർബാർ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.രവി അംഗീകരിച്ചിരുന്നു. മന്ത്രിപദമെന്നത് ഒരു അധികാരസ്ഥാനം എന്നതല്ലാതെ, ഉത്തരാവിദത്തത്തോടെയാണ് കാണുന്നതെന്ന് ഉദയനിധി ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. 2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ഉദയനിധിയുടെ ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനായി. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2021ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. മുത്തച്ഛൻ കരുണാനിധിയുടെ മണ്ഡലമായ ചേപ്പക്-തിരുവള്ളികേനിയിലെ എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.