സാങ്കേതിക തകരാര്‍ മുതല്‍ വെറുപ്പ് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളുടെ വര്‍ധന വരെ; ട്വിറ്റര്‍ ഉപേക്ഷിക്കാൻ ഉപഭോക്താക്കള്‍

സമൂഹ മാധ്യമത്തിൽ മുന്നിൽ നിൽക്കുന്ന ട്വിറ്ററിനെ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ദിനംപ്രതി കമ്പനിയെ ചുറ്റിപ്പറ്റി പല വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതില്‍ കൂട്ടപ്പിരിച്ചുവിടല്‍ മുതല്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന് ഫീസ് ഈടാക്കുന്നത് വരെ ഉണ്ടായിരുന്നു. ഇപ്പോൾ മസ്‌കിനെ പോലും ഭീതിയിലാക്കാന്‍ സാധ്യതയുള്ള പ്രവചനം വന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വരുന്ന രണ്ട് വര്‍ഷത്തിനകം 3 കോടി ഉപഭോക്താക്കള്‍ ട്വിറ്റര്‍ ഉപേക്ഷിക്കും എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ പ്രവചനം. സാങ്കേതിക തകരാര്‍ മുതല്‍ വെറുപ്പ് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളുടെ വര്‍ധന വരെ ഇതിന് കാരണമാകുമെന്നും ഇന്‍സൈഡര്‍ ഇന്റലിജന്‍സ് പറയുന്നത്.
2023ല്‍ ഉപഭോക്താക്കളുടെ എണ്ണം 4 ശതമാനവും 2024ല്‍ 5 ഉം ഇടിയുമെന്നാണ് പ്രവചനം. 2024ല്‍ ട്വിറ്ററിന്റെ പരസ്യ വരുമാനത്തില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും പ്രവചനത്തിൽ പറയുന്നുണ്ട്. 2008 മുതല്‍ ട്വിറ്ററിനെ നിരീക്ഷിക്കുന്ന കമ്പനിയാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സ്. കമ്പനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ യുഎസിലാകും കൂടുതല്‍ ഉപഭോക്താക്കളെ നഷ്ടപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകൾ. പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ യുഎസില്‍ 82 ലക്ഷം ഉപഭോക്താക്കളേയും യുകെയില്‍ 16 ലക്ഷം ഉപഭോക്താക്കളേയും ട്വിറ്ററിന് നഷ്ടമാകും.

കഴിഞ്ഞ ഒരു മാസമായി നിറുത്തി വെച്ചിരുന്ന പ്രീമിയം സര്‍വീസ് പുനരാരംഭിക്കാൻ പോവുകയാണെന്ന് ട്വിറ്റര്‍ കുറച്ച് ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഇതോടെ സബ്സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുന്നവര്‍ക്ക് ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ മാര്‍ക്ക് ഉള്‍പ്പടെയുള്ള സ്പെഷ്യല്‍ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങും. ഡിസംബര്‍ 12 മുതല്‍ സേവനം ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരുന്നത്. ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഫീച്ചര്‍ ലഭിക്കുന്നതിനുള്ള സബ്‌സ്‌ക്രിപ്ഷന്‍ സേവനം നവംബര്‍ 29ന് പുനരാരംഭിക്കുമെന്നാണ് സിഇഒ എലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ കടന്നു കൂടുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ ഇവ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. കഴിഞ്ഞ നാലാഴ്ച്ചയിലധികമായി ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനാല്‍ സബ്‌സ്‌ക്രിപ്ഷന്‍ സേവനം താല്‍ക്കാലികമായി നിറുത്തി വെക്കുകയായിരുന്നു. ട്വിറ്ററിലെ ഭൂരിഭാഗം വ്യാജ അക്കൗണ്ടുകളും പേജുകളും കമ്പനി നീക്കം ചെയ്തതായാണ് സൂചന. ആദ്യഘട്ടത്തിൽ ഫീസ് ഈടാക്കാതെയാണ് ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന് പ്രതിമാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് കമ്പനി ഏറ്റെടുത്ത് ആദ്യ വാരം തന്നെ മസ്‌ക് അറിയിച്ചു. കമ്പനിയുടെ വരുമാനം കൂട്ടുന്നതിനാണ് നീക്കം എന്നായിരുന്നു മസ്‌കിന്റെ വിശദീകരണം. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ബ്ലൂടിക്ക് വേരിഫിക്കേഷന് 11 ഡോളറാകും പ്രതിമാസം ഈടാക്കുക എന്നും ഏതാനും ദിവസം മുന്‍പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.