വീണയുടെ കമ്പനിയുടെ മെന്‍ററായിരുന്നു ജയ്ക് ബാലകുമാറെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായി മാത്യു കുഴല്‍നാടന്‍. ‘ഇനി വിവാദത്തിനില്ല’

മുഖ്യമന്ത്രിക്കെതിരായി മാത്യു കുഴല്നാടന് നൽകിയ അവകാശലംഘന നോട്ടീസിന് നൽകിയ മറുപടിയിൽ തന്‍റെ മകളുടെ കമ്പനിയുടെ മെന്‍ററായിരുന്നു ജയ്ക് ബാലകുമാർ എന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചതായും മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍എ വ്യകതമാക്കി. വീണ വിജയനെ വ്യക്തിയെന്ന നിലയിൽ അല്ല എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടർ എന്ന നിലയിലാണ് അന്ന് പരാമർശം നടത്തിയത്. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. സ്പീക്കറുടെ റൂളിംഗ് അംഗീകരിക്കുന്നു. ഇനി പരാതിയുമായി മുന്നോട്ടു പോകുന്നില്ല എന്നും മാത്യു കുഴൽനാടൻ പറഞ്ഞു .

ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ മുഴുവൻ വാദവും മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. കമ്പനിയുടെ മെന്‍റര്‍ എന്ന വിവരം മുഖ്യമന്ത്രി അംഗീകരിച്ച സ്ഥിതിക്ക് എന്തുകൊണ്ട് ജെയ്ക്കിന്‍റെ പേര് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു എന്ന് വിശദീകരിക്കണം.ഈ വിവാദത്തിന് പിന്നാലെ പോകാൻ ഇനി ആഗ്രഹിക്കുന്നില്ല. പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്ന് ആഗ്രഹിച്ചത് തെളിയിക്കാൻ കഴിഞ്ഞു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല എന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു