കാസർകോട് പള്ളിക്കര പാക്കം സ്വദേശിനി പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. മധൂർ പട്‍ല കുഞ്ചാർ കോട്ടക്കണി അബ്ദുൽഖാദറിനാണ് ജീവപര്യന്തം വിധിച്ചത് . ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.കൃഷ്ണ കുമാരാണ് ശിക്ഷ വിധിച്ചത് . കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കയറി പരിക്കേൽപ്പിക്കൽ, കവർച്ചയ്ക്കിടയിലെ പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് അബ്ദുൾഖാദറിനെതിരേ ചുമത്തിയിരിക്കുന്നത്.രണ്ടാം പ്രതി സുള്ള്യ അജ്ജാവറിലെ കർണാടക അസീസിനെ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതിനാൽ വിചാരണയ്ക്ക് ഹാജരാക്കാനായിരുന്നില്ല .മൂന്നാം പ്രതി കാസർകോട് മാന്യയിലെ ഹർഷാദിനെ കോടതി നേരത്തെ വെറുതേ വിട്ടിരുന്നു.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ 2018 ജനുവരി 19-നാണ് റോഡരികിലെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുബൈദയുടെ 27 ഗ്രാം സ്വർണാഭരണങ്ങൾ കവർച്ചചെയ്യപ്പെട്ടിരുന്നു. ചുമരിനോടും വാതിലിനോടും ചേർന്ന് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയും മുഖവും തുണിയുപയോഗിച്ച് വരിഞ്ഞുകെട്ടിയിരുന്നു. വീട് പുറത്ത് നിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. അന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി.സൈമൺ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യായിരുന്ന കെ.ദാമോദരൻ എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായിരുന്ന വി.കെ.വിശ്വംഭരൻ, സി.കെ.സുനിൽകുമാർ, സി.എ.അബ്ദുൾറഹീം എന്നിവരാണ് അന്വേഷണം നടത്തിയത്. കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിലെ മേശപ്പുറത്ത് ഉണ്ടായിരുന്ന രണ്ട് ഗ്ലാസ് നാരങ്ങാവെള്ളത്തിൽ ഒന്നിലേത് പാതി കുടിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ഇതാണ് അക്രമികൾ സുബൈദക്ക് മുൻപരിചയം ഉള്ളവരായിരുന്നിരിക്കാമെന്ന നിലയിൽ അന്വേഷണത്തിന് വഴിത്തിരിവായി മാറിയത് .വെള്ളക്കാറിലാണ് സംഘം കൊല നടത്താൻ എത്തിയത്. പ്രതികൾ വാടകയ്ക്ക് എടുത്ത കാറും കൊല നടത്തിയ ദിവസം അസീസിന്റെ ഫോണിൽ വന്ന മൊബൈൽ സേവനദാതാവിന്റെ സന്ദേശവുമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.