കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യപിച്ചെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. വാതക ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഗ്യാസ് ടാങ്കർ മറിഞ്ഞ സ്ഥലത്ത് ഫയർഫോഴ്സ് സംഘം ക്യാമ്പ് ചെയ്യുകയാണ്. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. പിലാത്തറ ഏഴിലോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പില്‍ നിന്ന് വരുന്ന വാഹനങ്ങൾ പിലാത്തറ, മാതമംഗലം മാത്തിൽ വഴി തിരിച്ച് വിടും. വളപട്ടണം, കണ്ണപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പഴയങ്ങാടി- വേങ്ങര- മുട്ടം- പാലക്കോട്- രാമന്തളി- പയ്യന്നൂർ വഴിയും, പയ്യന്നൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എടാട്ട് – കൊവ്വപ്പുറം – ഹനുമാരമ്പലം – കെ എസ് ടി പി റോഡ് വഴിയും തിരിച്ച് വിടുകയാണ്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.