മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം സിനിമ പ്രദർശനത്തിനിടയിലെ തർക്കം; 30 ഓളം പേർക്കെതിരെ കേസെടുത്ത് പൊലീസ്

മമ്മൂട്ടി നായകനായ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ഐഎഫ്എഫ്‍കെയിൽ പ്രദർശിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.