അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തത് കൊണ്ട് അമ്മയുടെ മൃതദേഹം മകൻ വീട്ടിൽ സൂക്ഷിച്ചത് 5 ദിവസം. ഉത്തർപ്രദേശിലെ ഗുൽരിഹ പ്രദേശത്താണ് 45കാരനായ മകൻ അമ്മയുടെ മൃതശരീരം സൂക്ഷിച്ചു വെച്ചത്. എന്നാൽ മദ്യപാനിയും മാനസിക അസ്വാസ്ഥ്യമുള്ളയാളുമാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. വീടിനുള്ളിൽ നിന്നും ദുർഗന്ധം പുറത്തു വന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറലോകമറിയുന്നത്. ഗൊരഖ്പൂറിലെ ശിവ്പൂർ ഷഹബാസ്ഗഞ്ച് പ്രദേശത്തുള്ള വീട്ടിൽ പൊലീസെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 82 വയസ്സുള്ള, റിട്ടയേർഡ് ഗവൺമെന്റ് അധ്യാപികയായ ശാന്തിദേവിയാണ് മരണപ്പെട്ടതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മനോജ് കുമാർ അവസ്തി പറഞ്ഞു. ശാന്തിദേവിയുടെ മകൻ നിഖിൽ മിശ്ര എന്ന ദബ്ബു മദ്യപാനിയും മാനസിക പ്രശ്നമുള്ളയാളുമാണ്. വീട്ടിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറയാൻ അയാൾക്ക് കഴിഞ്ഞില്ല എന്നും എഎസ്പി വ്യക്തമാക്കി. അഞ്ച് ദിവസം മുമ്പാണ് അമ്മ മരിച്ചത്. അന്ത്യകർമങ്ങൾ നടത്താൻ പണമില്ലെന്നുമായിരുന്നു ദബ്ബുവിന്റെ മറുപടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നും എഎസ്പി പറഞ്ഞു. മരിച്ച ശാന്തിദേവിയുടെ ഏകമകനാണ് ദബ്ബു. ഇയാളുടെ ഭാര്യയും മകനും ഈ വീട്ടിലുണ്ടായിരുന്നു. എന്നാൽ വഴക്ക് പതിവായപ്പോൾ ഇവർ മകനെയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് പോയി. ഇവരുടെ വീടിന്റെ അടുത്ത് വാടകക്കാർ താമസിച്ചിരുന്നെങ്കിലും ദബ്ബുവിന്റെ ശല്യത്തെ തുടർന്ന് ഇവരും ഒരുമാസം മുമ്പ് വീടുവിട്ടുപോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.