ദുര്‍മരണങ്ങളുടെ പേരില്‍ മന്ത്രവാദിനിയും സംഘവും ചേർന്ന് തട്ടിയത് 55 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും

തലസ്ഥാനത്ത് ദുര്‍മരണങ്ങളുടെ പേരില്‍ മന്ത്രവാദിനിയും സംഘവും ചേർന്ന് 55 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു. തിരുവനന്തപുരം വെള്ളായണിയിലാണ് മന്ത്രവാദത്തിന്‍റെ പിന്നിൽ പണവും സ്വര്‍ണ്ണവും കവർന്നത്. ആൾ ദൈവം ചമഞ്ഞെത്തിയവർ വീട്ടില്‍ നിന്ന് സ്വർണ്ണവും പണവും കവർന്നെന്ന് വീട്ടുകാർ പറഞ്ഞു. കുടുംബത്തില്‍ മരണങ്ങള്‍ തുടര്‍ന്നപ്പോഴാണ് ഇവര്‍ മന്ത്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പല വര്‍ഷങ്ങളിലായി കുടുംബത്തിലെ നാലോണം പേരാണ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ മന്ത്രവാദിനിയെ സമീപിക്കുന്നത്. കുടുംബത്തിലെ ദുർമരണങ്ങളില്‍ ഭയന്ന് വെള്ളായണി പുഞ്ചക്കരി കൊടിയില്‍ വീട്ടിലെ വിശ്വംഭരനും മക്കളും ഇതേക്കുറിച്ച് പലരോടും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഒരു വക്കീൽ പറഞ്ഞത് അനുസരിച്ചാണ് ‘തെറ്റിയോട് ദേവി’യെന്ന് അവകാശപ്പെടുന്ന കളിയിക്കാവിള സ്വദേശിനി വിദ്യയെ ഇവര്‍ കാണുന്നത്. 2021 -ലാണ് സംഭവങ്ങൾ നടക്കുന്നത്. കുടുംബത്തിൽ ദുർമരണങ്ങൾ അടിക്കടി ഉണ്ടാകുന്നത് കുടുംബത്തിലെ ശാപം കൊണ്ട് ആണെന്നും അത് മാറ്റാമെന്നും പറഞ്ഞ് അന്ന് തന്നെ വീട്ടുകാർക്ക് ഒപ്പം ആൾദൈവവും വെള്ളായണിയിൽ എത്തുകയായിരുന്നു. വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ വിദ്യ, ദേവി പൂജയ്ക്ക് വേണ്ടി സ്വർണ്ണവും പണവും വീട്ടിലെ തന്നെ അലമാരിയിൽ വെച്ച് പൂജിക്കണമെന്ന് പറഞ്ഞു. അല്ലെങ്കിൽ കുടുംബത്തില്‍ ഉടനെ മറ്റൊരു ദുർമരണം കൂടി നടക്കുമെന്നും വിദ്യ പറഞ്ഞു. വിദ്യയോടൊപ്പം നാലംഗ സംഘവും പൂജയ്ക്കായി വീട്ടിലെത്തിയിരുന്നു. മന്ത്രവാദിനി അവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാർ തങ്ങളുടെ കൈവശമുള്ള 55 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും വിദ്യയ്ക്ക് നൽകി. തുടർന്ന് വിദ്യ സ്വര്‍ണ്ണവും പണവും വീട്ടിലെ തന്നെ അലമാരിയിൽ വെച്ച് പൂട്ടി. മറ്റാരും പൂജാ മുറിയിൽ പ്രവേശിക്കരുതെന്നും താൻ എത്തി അലമാര തുറക്കുമെന്നും അതിന് മുൻപ് ആരെങ്കിലും തുറന്നാൽ അലമാരയ്ക്കുള്ളിൽ കാവൽ ഇരിക്കുന്ന കരിനാഗം കൊത്തുമെന്നും ആൾ ദൈവം വീട്ടുകാരോട് പറഞ്ഞു. ഇതിന് ശേഷം പല രാത്രികളില്‍ വിദ്യയും സംഘവും പൂജയ്ക്കായെന്നും പറഞ്ഞ് വീട്ടിൽ എത്തിയിരുന്നു. മറ്റാർക്കും പ്രവേശനം ഇല്ലാത്തതിനാൽ പൂജ മുറിയിൽ എന്താണ് നടക്കുന്നതെന്ന് വീട്ടുകാർക്കും അറിയില്ലായിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും അലമാരയോ അലമാരയുള്ള മുറിയോ തുറക്കാൻ വിദ്യ എത്താതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോള്‍, ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കൂടിക്കഴിയണമെന്നുമായിരുന്നു വിദ്യയുടെ മറുപടി. ഒരു വർഷം പിന്നിട്ടപ്പോൾ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോളാണ് തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതായി വീട്ടുകാര്‍ പരാതിപ്പെട്ടത്. അലമാര തുറന്നപ്പോള്‍ 55 പവന്‍ സ്വര്‍ണമോ പണമോ ഉണ്ടായിരുന്നില്ല. തുടർന്ന് കുടുംബം വിദ്യയുമായി ബന്ധപ്പെട്ട് സ്വർണ്ണവും പണവും തിരികെ ചോദിച്ചു. എന്നാല്‍, കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കുടുംബം നേമം പൊലീസിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, പരാതിയിന്‍ മേല്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും 30 പവന്‍ സ്വര്‍ണ്ണം മന്ത്രവാദിനിയായ വിദ്യ തിരികെ ഏല്‍പ്പിച്ചെന്നും ബാക്കിയുള്ള 25 പവന്‍ സ്വര്‍ണ്ണം നല്‍കാമെന്ന് സമ്മതിച്ചതായുമാണ് നേമം പൊലീസ് പറയുന്നത്.