പ്രമുഖ വ്യവസായി സാബു എം.ജേക്കബിനെതിരെ കേസെടുത്ത് പൊലീസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്റെ പരാതിയിലാണ് കേസ്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്. കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്. പട്ടികജാതിക്കാരനെന്ന നിലയിൽ ജാതി അധിക്ഷേപം നടത്തി. താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എംഎൽഎ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുവേണ്ടി ട്വന്റി ട്വന്റി പ്രാദേശിക നേതാക്കൾക്കുൾപ്പെടെ സാബു എം.ജേക്കബ് നിർദേശം നൽകി. അത്തരത്തിൽ നിരവധി തവണ അവഹേളിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.