ഗുജറാത്തില്‍ ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരത്തിലേക്ക്; ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച പോരാട്ടം

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും അധികാരം ഉറപ്പിക്കാൻ ഒരുങ്ങി ബിജെപി. 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 16 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 7 മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 4 സീറ്റുകളില്‍ മുന്നിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റമാണുണ്ടാക്കുന്നത്. ഘട്‌ലോഡിയയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പാട്ടീല്‍ ലീഡ് ചെയ്യുകയാണ്. വിര്‍മഗയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹാര്‍ദിക് പട്ടേല്‍ പിന്നിലുമാണ്. ഗുജറാത്തില്‍ ഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. പാലം തകര്‍ന്ന് 135 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ദുരന്തം നടന്ന മോര്‍ബിയില്‍ ബിജെപി തന്നെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. മോര്‍ബി ദുരന്തത്തിന്റെ പേരില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ബ്രിജേഷ് മേര്‍ജ ഏറെ ആരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രതിഛായ രക്ഷിക്കാന്‍ ബിജെപി മണ്ഡലത്തിലിറക്കിയത് മോര്‍ബി ദുരന്തത്തിനിടെ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി പുഴയിലേക്ക് എടുത്ത് ചാടിയ കാന്തിലാല്‍ അമൃതിയയെ ആണ്. അതേസമയം ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച പോരാട്ടത്തിലാണ്. ബിജെപി 31 സീറ്റിലും കോൺഗ്രസ് 33 സീറ്റിലും മറ്റ് പാർട്ടികൾ 4 സീറ്റിലും ലീഡ് ചെയ്യുന്നു.