ഏഴുവർഷം മുൻപ് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ ഉണ്ടെന്ന് കണ്ടെത്തി. യുവതി ഇപ്പോൾ വിവാഹിതയായി കുടുംബജീവിതം നയിക്കുകയാണ്. അതേസമയം ഈ യുവതിയെ കൊലപ്പെടുത്തി എന്ന കേസിൽ യുവാവ് 7 വർഷമായി ജയിലിലാണ്. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. വിഷ്ണു എന്ന യുവാവാണ് വർഷങ്ങളായി ജയിലിൽ കഴിയുന്നത്. ഏഴുവർഷം മുൻപ് പ്രണയിച്ച യുവാവുമായി യുവതി ഗ്രാമം വിട്ടുപോവുകയായിരുന്നു. ഇവർ പിന്നീട് ഹാത്രാസിലേക്ക് താമസം മാറ്റുകയും കുടുംബമായി ജീവിച്ചുവരികയുമാണ്. യുവതിയെ കാണാതായ കേസിൽ അന്വേഷണം നടക്കുമ്പോൾ ലഭിച്ച അജ്ഞാത മൃതദേഹം യുവതിയുടേതാണെന്ന് വീട്ടുകാർ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന കേസ് ചുമത്തി വിഷ്ണു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ വിഷ്ണുവിന്റെ അമ്മ സുനിത അന്നുമുതൽ പോരാടുകയായിരുന്നു. അമ്മ തന്നെയാണ് യുവതി ജീവനോടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്തിയതും. ഇതോടെ യുവതിയുടെ ഡിഎൻഎ പരിശോധന അടക്കം നടത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.