എലികളെ പോലെ താൻ വെറുക്കുന്ന മറ്റൊന്നുമില്ല; എലിയെ കൊല്ലുന്നതിൽ നിപുണനായ ആളെ തേടി ന്യൂയോർക്ക് മേയറുടെ ഓഫിസ്

എലിയെ കൊല്ലുന്നതിൽ നിപുണനായ ആളെ തേടി ന്യൂയോർക്ക് മേയറുടെ ഓഫിസ്ട്വിറ്ററിൽ പരസ്യം നൽകി. മേയർ എറിക് ആദംസാണ് എലിശല്യത്തിൽ നിന്ന് നഗരത്തെ രക്ഷിക്കാൻ മോഹിപ്പിക്കുന്ന ശമ്പളം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. എലികളെ പോലെ താൻ വെറുക്കുന്ന മറ്റൊന്നുമില്ലെന്ന് മേയറുടെ ട്വീറ്റിൽ പറയുന്നു. അസംഖ്യമായി പെറ്റുപെരുകിയ എലിയെ ന്യൂയോർക്ക് നഗരത്തിൽ നിന്ന് കൊന്നൊടുക്കാനുള്ള കഴിവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ വരൂ എന്നാണ് എറിക് പരസ്യം നൽകിയത്. പ്രധാന നിബന്ധന കഴിവും കരുത്തും വേണമെന്നതാണ്. മടുത്തുപോകാതെ എലിയെ കൊല്ലാനും ആ അർഥത്തിൽ രക്തദാഹിയുമാകണം എന്നും പരസ്യത്തിൽ പറയുന്നു. ബിരുദവും പരിചയ സമ്പത്തും യോഗ്യതയുടെ മാനദണ്ഡമാണ്. പ്രതിവർഷം 17,000 ഡോളറാണ് ശമ്പളം. ന്യൂയോർക്കിലെ ജനങ്ങൾ എലികളെ കൊണ്ട് പൊറുതിമുട്ടിയതിന് പിന്നാലെയാണ് എലിശല്യം ഒഴിവാക്കാൻ അധികൃതർ തന്നെ മുന്നിട്ടിറങ്ങിയത്. എലിയെ നിയന്ത്രിച്ചില്ലെങ്കിൽ നഗരം വൃത്തിഹീനമാകുന്നതിനൊപ്പം അസുഖങ്ങൾ വർധിക്കുമെന്നും വീടുകള്‍ക്കും വയറിങ്ങുകൾക്കും കേടുപാടുകൾ സംഭവിക്കുമെന്നും അധികൃതർ പറയുന്നു. പരസ്യം എലികൾക്കത്ര ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്നും പക്ഷേ 8.8 മില്യൻ വരുന്ന നഗരവാസികളുെട സുരക്ഷ ഉറപ്പുവരുത്തേണ്ടതും നഗരം വൃത്തിയായിപരിപാലിക്കേണ്ടതും ഉത്തരവാദിത്തമായതിനാലാണ് ഇങ്ങനെയൊരു പരസ്യമെന്നും മേയറുടെ ഓഫിസ് പറയുന്നു.