ബലാത്സംഗ കേസിൽ എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എയുടെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജികള്‍ ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജികളില്‍ വിശദവാദം കേട്ട ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം റദ്ദാക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എൽദോസിനെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നേരത്തെ കീഴ്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയ നടപടി കോടതി ശരിവച്ചത്. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം. ഇതേതുടർന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂർത്തിയാക്കിയിരുന്നു.