ഒമ്പത് മണിക്കൂർ വൈകിയെത്തിയ ട്രെയിനിനെ വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാരായ ഒരു കൂട്ടം യുവാക്കൾ

ഇന്ത്യക്കാർ അധികവും യാത്രക്കായി ഉപയോഗിക്കുന്നത് ട്രെയിനിനെയാണ് വളരെ കുറച്ച് ട്രെയിനുകൾ മാത്രമേ നേരത്തിനെത്താറുള്ളു. വൈകി വരിക എന്നതും ഇന്ത്യൻ റെയിൽവേയുടെ ഒരു വലിയ പ്രത്യേകത തന്നെയാണ്. അതുപോലെ വൈകിയെത്തിയ ട്രെയിനിനെ വ്യത്യസ്തമായി സ്വീകരിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ഒരു വീഡിയോ ആണ് ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒമ്പത് മണിക്കൂർ വൈകിയാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നത്. ഇത്രയും മണിക്കൂറുകൾക്ക് ശേഷം ട്രെയിൻ വരുന്നത് കണ്ട യുവാക്കളുടെ പ്രകടനമാണ് വീഡിയോയിൽ കാണുന്നത്. Hardik Bonthu എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞങ്ങളുടെ ട്രെയിൻ ഒമ്പത് മണിക്കൂർ വൈകി. ഒടുവിൽ ട്രെയിൻ വരുന്നത് കണ്ട ആളുകൾ ഇങ്ങനെയാണ് പ്രതികരിച്ചത്’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വീഡിയോയിൽ പ്ലാറ്റ്‍ഫോമിൽ നിറയെ ആളുകൾ ട്രെയിനിന്റെ വരവും കാത്ത് നിൽക്കുന്നത് കാണാം. വളരെ ആകാംക്ഷയോടെയാണ് ആളുകൾ ട്രെയിനിന്റെ വരവും കാത്ത് നിൽക്കുന്നത്. ഒടുവിൽ ട്രെയിൻ വരുന്നത് കാണുമ്പോൾ മൊത്തത്തിൽ ആളുകളിൽ ഒരു അനക്കം കാണാം. അതിനിടെ കുറച്ച് യുവാക്കൾ തങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ട്രെയിൻ വന്നെത്തിയതിൽ സന്തോഷിച്ച് ഡാൻസ് കളിച്ച് ആഘോഷിക്കുന്നതും കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും യാത്രക്കാരുടെ ക്ഷമ സമ്മതിച്ചു എന്നാണ് കമന്റ് ഇട്ടത്. ഇന്നും ഇത്രയും വൈകിയെത്തുന്ന ട്രെയിനുകൾ ഉണ്ട് എന്നത് വിശ്വസിക്കാൻ പ്രയാസം തന്നെ എന്നാണ് മറ്റൊരാൾ കുറിച്ചത്. മറ്റ് ചിലർ ഇത്രയും വൈകി എത്തിയിട്ടും ട്രെയിനിനെ ഇങ്ങനെ സ്വീകരിക്കാൻ മനസ് കാണിച്ച യുവാക്കളെ അഭിനന്ദിക്കുകയായിരുന്നു.