അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് ഹോം വർക്ക് ചെയ്യാതെ ടിവി കണ്ടു; കുട്ടിയെ ഒരു രാത്രി മുഴുവൻ നിർബന്ധിച്ച് ടിവി കാണിച്ച് മാതാപിതാക്കൾ

അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് കുട്ടി ഹോം വർക്ക് ചെയ്യാതെ ടിവി കണ്ടതിന് വേറിട്ട ശിക്ഷ നൽകി മാതാപിതാക്കൾ. കുട്ടിയെ ഒരു രാത്രി മുഴുവൻ നിർബന്ധിച്ച് ടിവി കാണിച്ചാണ് മാതാപിതാക്കൾ ശിക്ഷിച്ചത്. ചൈനയിലാണ് സംഭവം. അച്ഛനും അമ്മയും പുറത്ത് പോയി വരുമ്പോഴേക്കും ഗൃഹപാഠം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടി അത് അനുസരിക്കാതെ ടിവി കണ്ടിരുന്നു. അച്ഛനും അമ്മയും എത്തിയപ്പോഴേക്കും കുട്ടി ഉറങ്ങാൻ കിടന്നു. എന്നാൽ അമ്മ കുട്ടിയെ ഉറങ്ങാൻ സമ്മതിക്കാതെ കട്ടിലിൽ നിന്നും നിർബന്ധിച്ച് ടിവി മുറിയിൽ കൊണ്ടുവന്ന് ടിവി കാണിക്കുകയായിരുന്നു. പല തവണ കുഞ്ഞ് ഉറങ്ങി വീഴുന്നുണ്ട്, അപ്പോഴെല്ലാം അമ്മ കുട്ടിയെ തട്ടിയുണർത്തി ടിവി കാണിച്ചു. മുറിയിൽ വന്ന് ഉറങ്ങാനും സമ്മതിച്ചില്ല. ഏകദേശം വെളുപ്പിനെ അഞ്ച് മണിവരെ ഈ പ്രവൃത്തി തുടർന്നു. ഈ വിഡിയോ വൈറലായതോടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.