അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട അമേരിക്കക്കാരൻ 29 വർഷങ്ങൾക്ക് ശേഷം സ്വബോധത്തിലേക്ക് തിരിച്ചു വന്നു

ഓര്‍മ്മകൾക്ക് മനുഷ്യന്റെ ജീവിതത്തില്‍ വലിയ സ്ഥാനമാണുള്ളത്. അതിന് ഒരു ഉദാഹരണമാണ് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓര്‍മ്മ നഷ്ടപ്പെട്ട ഒരു അമേരിക്കക്കാരന്‍ ഇപ്പോള്‍ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. ഇയാള്‍ക്ക് തന്റെ ജീവിതത്തിലെ കഴിഞ്ഞ 29 വര്‍ഷം ഓര്‍മ്മയുണ്ടായിരുന്നില്ല. ആ കാലങ്ങളില്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും കണ്ടുമുട്ടിയ വ്യക്തികളോ അയാള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ 1993 ൽ ആണ് എന്നാണ് ഇയാള്‍ വിചാരിച്ചിരിക്കുന്നത്. 2021 ജൂണില്‍ ആണ് വിര്‍ജീനിയയില്‍ നിന്നുള്ള ക്രിസ്റ്റിയും ആന്‍ഡ്രൂ മക്കെന്‍സിയും ഒരു ബൈക്ക് അപകടത്തില്‍ പെടുന്നത്. എതിരെ വന്ന വാഹനം ഈ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയും ഇവര്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീഴുകയും ആയിരുന്നു. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരും നിരവധി ശസ്ത്രക്രിയകള്‍ക്കും വിദഗ്ധ ചികിത്സകള്‍ക്കും ഒടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
അപകടം സംഭവിച്ച മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആന്‍ഡ്രൂ മക്കെന്‍സിയ്ക്ക് ബോധം തിരിച്ചു കിട്ടുന്നത്. എന്നാൽ കണ്ണുതുറന്ന ഇയാള്‍ കരുതിയത് ഇപ്പോള്‍ വര്‍ഷം 1993 ആണെന്നാണ്. 58 `കാരനായ മെക്കന്‍സിക്ക് തന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ 29 വര്‍ഷങ്ങള്‍ ഓര്‍മ്മയില്ല. തന്റെ വിവാഹം കഴിഞ്ഞതോ തനിക്ക് രണ്ട് കുട്ടികള്‍ പിറന്നതോ ഒന്നും ഇയാള്‍ക്ക് ഓര്‍മ്മയില്ല. ആകെ ഓര്‍മ്മയില്‍ ഉള്ളത് തന്റെ പ്രിയതമ ക്രിസ്റ്റിയെ മാത്രമാണ്. ആശുപത്രിയിലെ നീണ്ട ചികിത്സയ്ക്ക് ശേഷം മെക്കന്‍സിക്ക് ഓര്‍മ്മ തിരിച്ചുകിട്ടിയില്ലെങ്കിലും ക്രിസ്റ്റിയും മെക്കന്‍സിയും പൂര്‍ണ്ണ ആരോഗ്യത്തോടെ തിരികെ വീട്ടിലെത്തി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു ബീച്ചില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ മെക്കന്‍സി ക്രിസ്റ്റിയോട് ചോദിച്ചു നിനക്ക് എന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന്. ക്രിസ്റ്റി അതെ എന്ന ഉത്തരം മൂളി. തൊട്ടടുത്ത ദിവസം അവര്‍ വീണ്ടും വിവാഹിതരായി. കഴിഞ്ഞുപോയ തങ്ങളുടെ ദാമ്പത്യത്തിലെ 37 വര്‍ഷങ്ങളെ കുറിച്ച് മെക്കന്‍സിക്ക് ഓര്‍മ്മയില്ലെങ്കിലും വിവാഹം കഴിഞ്ഞുള്ള ഹണിമൂണ്‍ ആഘോഷങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ ഈ ദമ്പതികള്‍ .