വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. പരിപാടി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉത്‌ഘാടനം ചെയ്യും. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണിക്കാണ് പരിപാടി. ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നാണ് അറിയിച്ചത്. ശശി തരൂരും പരിപാടിയില്‍ പങ്കെടുക്കില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് ശശി തരൂരിന്‍റെ ഓഫീസ് നല്‍കുന്ന വിശദീകരണം. സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. അതിനിടെ, വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനി ചുമതലയേറ്റു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരുമാണ് സംഘത്തിൽ. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും. ഡിസിപി അജിത്കുമാർ, കെ ഇ ബൈജു, മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്.