വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ മൂവായിരം പേർക്കെതിരെ കേസ്. സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചെന്ന് എഫ്ഐആറില്‍. സംഭവത്തിൽ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. വാഹനങ്ങൾ കേടുവരുത്തിയത് വഴി 80 ലക്ഷം രൂപയുടെ നാശനഷ്ടവും സ്റ്റേഷൻ വസ്തുക്കൾ തകർത്തത് വഴി 5 ലക്ഷം രൂപയുടെ നഷ്ടവുമാണ് ഉണ്ടായത്. സമരക്കാരുടെ കയ്യിൽ ഉണ്ടായിരുന്ന മരക്കഷ്ണം , കമ്പിവടി, കല്ലുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ സംഘം സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയായിരുന്നു. ഏഴോളം വാഹനങ്ങൾ സ്റ്റേഷൻ റിസപ്ഷൻ ഏരിയ പൂച്ചട്ടികൾ എന്നിവ ആക്രമികൾ അടിച്ചു തകർത്തു. ശനിയാഴ്ച നടന്ന സംഘർഷത്തിനിടെ ഷാഡോ പോലീസ് പിടികൂടിയ 5 പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ സ്റ്റേഷനിൽ എത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വിഴിഞ്ഞവും പരിസര പ്രദേശങ്ങളും. സ്ഥലത്ത് ക്രമസമാധാനം പുനംസ്ഥാപിക്കാൻ ജില്ലാ കളക്ടർ വിളിച്ച സർവ്വകക്ഷി യോഗം ഉച്ചക്ക് ശേഷം നടക്കും. മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്യ വില്പന ശാലകളുടെ പ്രവർത്തനം ഇന്ന് മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.