വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുടക്കമിട്ടത് 1991 ലെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറാണ്. അന്ന് തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവനാണ് ഇതിന് അനുമതി നൽകിയത്. 1995 ൽ എ.കെ. ആന്റണി സർക്കാർ കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷേ തുടർന്ന് വന്ന 1996 ലെ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്ത് ഇത് മുന്നോട്ടുപോയില്ല. പിന്നീട് 2004 ൽ ഉമ്മൻചാണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി തയ്യാറാക്കാൻ രൂപരേഖ തയാറാക്കി. 2005 ൽ പൊതു-സ്വകാര്യ പങ്കാളിത്ത അഥവാ പി പി പി മാതൃകയിൽ ടെണ്ടർ വിളിച്ചു. ടെണ്ടറിൽ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കൺസോർഷ്യത്തിനു സുരക്ഷാ കാരണത്താൽ കേന്ദ്രം അനുമതി നിഷേധിച്ചു. 2008 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് നിയമക്കരുക്ക് കാരണം അന്തിമ കരാറിലേക്ക് എത്തിയില്ല . 2011 ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറിൻ്റെ കാലത്താണ് അദാനി കരാർ ഏറ്റെടുക്കുന്നത് . എന്നാൽ 2013 ൽ സർക്കാർ പദ്ധതിയെ പി പി പി മോഡലിലേക്ക് മാറ്റി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ.വി. തോമസിൻ്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂട്ടരും അദാനി ഗ്രൂപ്പ് മേധാവികളുമായി നടത്തിയ ചർച്ചയും വിവാദമായിരുന്നു.
2015 ഓഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണ നടത്തിപ്പ് കരാറിൽ അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാറും ഒപ്പുവച്ചത്.
കടലിൽ 130.91 ഏക്കർ നികത്തും. പുറമേ 220.28 ഏക്കർ കരയിലും. അങ്ങനെ ആകെ 351.19 ഏക്കർ ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.ഏകദേശം 7525 കോടി രൂപ ചിലവ് വരും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാൻഡ് ലോർഡ് മാതൃകയിലാണ് തുറമുഖം നിർമ്മിക്കുന്നത് .
ഇന്ത്യയിൽ വി ജി എഫ് അനുവദിച്ച ആദ്യ തുറമുഖ പദ്ധതി കൂടിയാണ് വിഴിഞ്ഞം അദാനി പോർട്ട്. 3,100 മീറ്റർ നീളത്തിലാണ് പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമിക്കുന്നത്. ഇതിന് 1463 കോടി രൂപ സർക്കാർ മുടക്കും. നിർമാണച്ചുമതല അദാനിക്കാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് ആവിശ്യമായ രൂപയും മുടക്കേണ്ടത് സർക്കാർ തന്നെ. നാല് വർഷത്തെ നിർമ്മാണ കാലാവധി ഉൾപ്പെടെ 36 വർഷമാണ് തുറമുഖ കരാർ കാലാവധി. തുറമുഖ പദ്ധതി ഒപ്പിടും മുൻപ് തന്നെ ലത്തീൻ കത്തോലിക്ക അതിരൂപതയും മൽസ്യത്തൊഴിലാളികളും അവരുടെ ആശങ്ക വ്യക്തമാക്കിയിരുന്നു. എന്നാൽ തീരദേശ സമൂഹത്തിൽ എല്ലാവരും അക്കാലത്ത് പദ്ധതി ഉണ്ടാക്കുന്ന പരിസ്ഥിതി, തീരദേശ, നാശത്തെക്കുറിച്ച് ബോധവാൻമാരായിരുന്നില്ല. കൂടാതെ സഭ തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് തടസം നിൽക്കുന്നുവെന്ന പ്രചാരണവും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളെ മറികടക്കാൻ സർക്കാറിനും യു ഡിഎഫിനും കഴിഞ്ഞു.
എന്നാല്‍ കരാറില്‍ അഴിമതിയുണ്ടെന്നും ഇത് ജനവിരുദ്ധമാണെന്നും എൽ ഡി എഫ് നിലപാടെടുത്തിരുന്നു. അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 6,000 കോടിയുടെ അഴിമതി ആരോപണമാണ് ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.
2016 ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റപ്പോൾ പുലിമുട്ട് നിർമാണം പുരോഗമിച്ചു. പുലിമുട്ട് നിർമിച്ചാൽ മാത്രമെ ഹാർബറിനെ ശാന്തമാക്കി നിലനിർത്താൻ കഴിയൂ. എന്നാൽ കാലവർഷത്തിൻ്റെ ഭാഗമായി അടിക്കടി ഉണ്ടായ കടൽക്ഷോഭവുഃ , കാലാവസ്ഥ വെല്ലുവിളികളും കാരണം നിർമാണത്തിന് തടസമുണ്ടായി.
2017 ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ വിഴിഞ്ഞം കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായി .ഇതിലൂടെ അദാനി പോർട്സിനെ അധിക വരുമാനം ലഭിക്കുന്നതായും കണ്ടെത്തി. പരാമർശത്തെത്തുടർന്ന് 2017 ജൂലൈ 18 നാണ് ഒന്നാം പിണറായി സർക്കാർ ഈ ക്രമക്കേടിന് ഉത്തരവാദികളെ കണ്ടെത്താൻ ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ കമ്മിഷനെ നിയോഗിച്ചത്. കരാറിൽ ഏർപ്പെട്ടതോടെ പൊതുഖജനാവിന് ഉണ്ടായ നഷ്ടത്തിനും സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായ തീരുമാനമെടുത്തതിനും ഉത്തരവാദികളായവെര കണ്ടെത്തുകയെന്നത് ഉൾപ്പെടെ ആറ് പരിഗണനാ വിഷയമാണ് കമ്മിഷനു നിശ്ചയിച്ച് നൽകിയത്.എന്നാൽ കരാറിൽ കോടികളുടെ ആരോപണം ഉന്നയിച്ച രാഷ്ട്രീയ നേതാക്കൾ ആരും കമ്മിഷനോട് സഹകരിച്ചില്ല. 6,000 കോടി അഴിമതി ഉന്നയിച്ച പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, കാനം രാജേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, വി.എം. സുധീരൻ അടക്കമുള്ളവർ കരാറിൽ അഴിമതി സംശയിച്ചവരാണ്. ഇവരെ പ്രതിനിധീകരിച്ച് ആരും കമ്മിഷന് മുന്നിൽ ചെന്നില്ല. തുടർന്ന് അദാനി പോർട്സിന്റെ തുറമുഖ നിർമാണത്തെ ജനങ്ങൾ എതിർക്കുകയും സമരത്തിലേക്ക് നീങ്ങുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ലത്തീൻ കത്തോലിക്ക സഭയുടെ പൂര്‍ണ പിന്തുണയുണ്ട്. ഈ സമരമാണ് ഏറ്റവും ഒടുവില്‍ ഇന്നലത്തെ പോലീസ് ആക്രമണത്തില്‍ എത്തി നില്‍ക്കുന്നത്