മെസ്സിയുടെ കുട്ടി ആരാധകന്‍ നബ്രാസ് ഇനി ഖത്തറിലേക്ക്.

ഖത്തറിലെ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ വിജയപരാജയങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീഴ്ച്ചയില്‍ കണ്ണുനിറഞ്ഞും വിജയത്തില്‍ സന്തോഷിച്ചും പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.അത്തരം ഒരു ആരാധകനാണ് നിബ്രാസ്.
ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിയാണ് നിബ്രാസിനെ വേദനിപ്പിച്ചത്.  മെസിയെയും അര്‍ജന്റീനയെയും സ്നേഹിക്കുന്ന നിബ്രാസിന് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല ഈ തോല്‍വി.’ ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന് ചെറുപുഞ്ചിരി കലര്‍ന്ന വിഷമത്തോടെ നിബ്രാസ് പറഞ്ഞപ്പോള്‍ കൂട്ടുകാരെല്ലാം അവനെ കളിയാക്കുകയായിരുന്നു.  തൊട്ടടുത്ത നിമിഷം ഉള്ളില്‍ അടക്കിപ്പിടിച്ച വിഷമം പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നിബ്രാസ് പ്രകടിപ്പിച്ചത്.  ഇതോടെ കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായഎട്ടാം ക്ലാസുകാരന്‍ നിബ്രാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.  ഇപ്പോള്‍ നിബ്രാസിനെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്.  ഈ കുട്ടി ആരാധകന് ഇനി ഖത്തറില്‍ നിന്ന് കളി കാണാം . പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്.  അര്‍ജന്റീന ജയിച്ചതിനൊപ്പം മെസിയെ നേരിട്ട് കാണാന്‍ അവസരം കിട്ടിയത്തിന്‍റെ സന്തോഷത്തിലാണ് നിബ്രാസ് . അര്‍ജന്റീനയുടെ ആദ്യ തോല്‍വിയാണ് നിബ്രാസിനെ താരമാക്കിയതെന്ന് വേണമെങ്കില്‍ പറയാം.