മരിച്ച കാമുകിയുടെ മൃതദേഹത്തെ വിവാഹം കഴിച്ച് കാമുകൻ

വിഷം കൊടുത്തും കുത്തിയും പ്രണയിക്കുന്നവരെ കൊല്ലുന്ന ഇക്കാലത്ത് മരിച്ച കാമുകിയുടെ മൃതദേഹത്തെ വിവാഹം കഴിക്കുകയാണ് കാമുകൻ. അസ്സമിൽ നിന്നുള്ള ബിതുപൻ താപുലി എന്ന 27 -കാരനാണ് കാമുകി പ്രാർത്ഥനയുടെ മൃതദേഹത്തെ വിവാഹം കഴിച്ചത്. അസുഖം ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ​ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ബിതുപന്റെ കാമുകി പ്രാർത്ഥനയുടെ അന്ത്യം. പ്രാർത്ഥനയുടെ മൃതദേഹത്തിന് നെറ്റിയിലും കവിളിലും ബിതുപൻ സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് വൈറലായത്. ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ ഹാരം അണിയിക്കുകയും ഒരു ഹാരം സ്വയം അണിയുകയും കൂടി ചെയ്യുന്നുണ്ട്. ഏറെക്കാലമായി ബിതുപനും പ്രാർത്ഥനയും പ്രണയത്തിലായിരുന്നു. തനിക്ക് ഇനി ആരുടെയും കൂടെ ജീവിക്കാനോ ആരെയും വിവാഹം കഴിക്കാനോ സാധിക്കില്ല എന്നാണ് ബിതുപൻ പറയുന്നത്. നവംബർ 18 -ന് ആശുപത്രിയിൽ വച്ചാണ് പ്രാർത്ഥന മരിക്കുന്നത്. അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് ​പെട്ടെന്ന് അസുഖം ബാധിച്ചതായും അത് ഭേദമാകുന്നില്ലായിരുന്നു എന്നും പ്രാർത്ഥനയുടെ ബന്ധു സുഭോൺ ബോറ പറഞ്ഞു.