വിവാദ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് എഐസിസി വിശദീകരണം തേടും. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ തുടർച്ചയായാണ് നടപടി. തന്റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ നേതാക്കളെ അറിയിച്ചു. കെ സുധാകരൻ വിശദീകരണം നൽകിയാൽ വിവാദം അവസാനിപ്പിക്കാനാണ് എഐസിസിയുടെ നീക്കം. അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചു. ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതി ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം. ബിജെപിയിലേക്ക് പോകാനുള്ള മുന്നൊരുക്കമാണോ സുധാകരന്റെ നാക്കുപിഴയെന്ന് എം എ ബേബിയും ആരോപിച്ചു.