ഒരു സ്ത്രീ ആറ് മാസത്തോളം താൻ ഗർഭിണി ആണ് എന്നും പറഞ്ഞ് നടന്നു. കൂടാതെ, ഒരു കുഞ്ഞിനെയും അവർ ‘പ്രസവിച്ചു’. എന്നാൽ, ഒടുവിൽ ഈ കുഞ്ഞ് ഒരു പ്ലാസ്റ്റിക് പാവ ആണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ ഇറ്റാവയിലെ ബാദ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദി മോറിലാണ് ഈ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ്‍ 18 വർഷമായിട്ടും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ കുടുംബാംഗങ്ങളുടെ നിരന്തര കുറ്റപ്പെടുത്തൽ സഹിക്കാൻ വയ്യാതായതോടെയാണ് ഈ സ്ത്രീ ഇത്തരമൊരു കാര്യം ചെയ്യാൻ തീരുമാനിച്ചത്. വ്യാജ ഗർഭം കാണിച്ച് വീട്ടുകാരെ പറ്റിക്കാൻ തുടങ്ങിയതിന് ശേഷം അവരെ വിശ്വസിപ്പിക്കാൻ വേണ്ടി നിരന്തരം അവർ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത് സെന്റർ സന്ദർശിച്ചു കൊണ്ടിരുന്നു. ആറ് മാസത്തിന് ശേഷം അവർ തനിക്ക് വയറുവേദന വരുന്നു എന്ന് കുടുംബാംഗങ്ങളോട് പറയുകയായിരുന്നു. പിന്നാലെ, അവർ ഒരു പാവയ്ക്ക് ചുവന്ന ചായം പുരട്ടുകയും വളർച്ച തികയാത്ത കുഞ്ഞിനെയാണ് താൻ പ്രസവിച്ചത് എന്ന് പറയുകയും ചെയ്തു. പിന്നാലെ, ഈ പാവയെ ഒരു തുണിയിൽ പൊതിഞ്ഞു. വീട്ടുകാർ പരിശോധനക്കായി പരിസരത്തെ ഹെൽത് സെന്ററില്‍ കൊണ്ടു പോയി. അവിടെ വച്ച് ഡോക്ടർമാരാണ് ഇത് ഒരു യഥാർത്ഥ കുഞ്ഞ് അല്ല എന്നും പകരം പ്ലാസ്റ്റിക് പാവ ആണ് എന്നും അവരോട് പറയുന്നത്. പിന്നാലെ, ഡോക്ടർമാർ സ്ത്രീ ഗർഭിണി ആയിരുന്നു എന്ന് പറയുന്ന സമയത്തെ കടലാസുകളും എക്സ്-റേയും ഒക്കെ പരിശോധിക്കുകയും അതെല്ലാം വ്യാജമാണ് എന്ന് തെളിയുകയും ചെയ്തു.
ഏറെക്കാലമായി സ്ത്രീയുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാൽ, നിരന്തരം അവർ കുട്ടികളില്ലാത്തതിന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കുകയായിരുന്നു. അതാണ് സ്ത്രീയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് എന്ന് ഡോക്ടർ പറഞ്ഞു.