ആകാശത്തിലൂടെ പറക്കുന്ന വിമാനം ഇതാ റോഡിലൂടെ പോകുന്നു, കാണാൻ കാഴ്ചക്കാരുടെ തിരക്ക്

ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിന് റോഡിലെന്താ കാര്യം അല്ലെ. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാൻ അധികൃതർ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയപാതയിലൂടെ പോകുന്ന വിമാനം വഹിച്ചുള്ള വാഹനം കൊല്ലം ചവറയിൽ ഇന്നലെ കുടുങ്ങിയത് മണിക്കൂറുകളോളമാണ്. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 വിമാനമാണിത്. ആക്രിയായി വിൽപ്പനയ്ക്ക് വെച്ച വിമാനം ആന്ധ്ര സ്വദേശിയാണ് ലേലത്തിൽ വാങ്ങിയത്. ഇതിനെ രൂപമാറ്റം വരുത്തി ഹോട്ടലാക്കുക എന്ന ലക്ഷ്യത്തോടെ വിമാനം തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയാണ്. ഇത് ഹൈദരാബാദിൽ എത്തണമെങ്കിൽ ഇനിയും ഒരു മാസം സമയമെടുക്കും. ട്രെയിലർ നീങ്ങി നിരങ്ങി ഇന്നലെ ചവറ പാലത്തിയെത്തിയപ്പോൾ കൈവരിയിൽ കുരുങ്ങിപ്പോയി. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. വിമാനത്തിന്റെ ചിറകുകളും പിന്നാലെ വരും. തിരുവനന്തപുരത്ത് വച്ച് ബസിൽ ഇടിച്ച് അപകടമുണ്ടായതിനാലാണ് ചിറകുകൾ വൈകി എത്തുന്നത്. ട്രെയിലറിൽ നീങ്ങുന്ന വിമാനം കാണാൻ ആളുകളുടെ നീണ്ട നിരയാണ് ഉള്ളത്. ആകാശത്ത് ശരവേഗത്തിൽ പറന്നിരുന്ന വിമാനമാണ് റോഡിലൂടെ ഒച്ചിഴയുന്ന വേഗത്തിൽ പോകുന്നത്. വിമാനം കാണാൻ ചുറ്റും കൂടിയവർക്കെല്ലാം അത്ഭുതമാണ് ഈ കാഴ്ച. തൊട്ടു നോക്കാനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കുകയാണ് ആളുകൾ.