റീൽസുണ്ടാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നു; യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു

സോഷ്യൽമീഡിയയിൽ കൂടുതൽ സമയം ചെലവഴിച്ചതിന് യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. 38കാരനായ ദിണ്ഡി​ഗൽ സ്വദേശി അമൃതലിം​ഗമാണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്. യുവതി റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും മറ്റുമാണ് ഭർത്താവിനെ കൊലയിലേക്ക് നയിക്കാൻ കാരണം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനായ ഇയാൾ കുടുംബവുമൊത്ത് തിരുപ്പൂരിലെ സെല്ലംന​ഗറിലാണ് താമസിച്ചിരുന്നത്. ചിത്ര ഒരു ​ഗാർമെന്റ് ഫാക്ടറിയിൽ ജോലിചെയ്യുകയായിരുന്നു. അതോടൊപ്പം ഇൻസ്റ്റ​ഗ്രാം പോലെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായിരുന്നു. റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതിനും മറ്റും നിരവധി തവണ ഇരുവരും തമ്മിൽ വഴിക്കിട്ടിട്ടുണ്ട്. ഫോളോവേഴ്സിന്റെ എണ്ണം കൂടിയതോടെ സിനിമാ അഭിനയമെന്ന മോഹവും ചിത്രയ്ക്കുണ്ടായിരുന്നു. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ചിത്രയ്ക്കുണ്ട്. സിനിമയിൽ അവസരം തേടി രണ്ട് മാസം മുമ്പ് ചിത്ര ചെന്നൈയ്ക്ക് പോവുകയും ചെയ്തിരുന്നു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ചയാണ് ചിത്ര തിരുപ്പൂരിൽ തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞതോടെ വീണ്ടും ചെന്നൈയിലേക്ക് പോകാനൊരുങ്ങി. എന്നാൽ, ഇത് അമൃതലിം​ഗം സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് ഷാള് കൊണ്ട് കഴുത്ത് മുറുക്കി ഇയാൾ ചിത്രയെ കൊലപ്പെടുത്തിയത്. ചിത്ര വീണതോടെ അമൃതലിം​ഗം പേടിച്ച് വീട് വിട്ട്പോയി. മകളുടെ അടുത്തെത്തി താൻ അമ്മയെ അടിച്ചെന്ന് പറഞ്ഞു. മകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. ഒളിവിൽ പോയ അമൃതലിം​ഗത്തെ പെരുമനെല്ലൂരിൽ നിന്ന് പൊലീസ് പിടികൂടി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.