കത്ത് വിവാദം കത്തുന്നു; മേയര്‍ ആര്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി

തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും പരാതിയില്‍ പറയുന്നു.

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് പരാതി. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയർ പ്രതികരിച്ചു. കത്തയച്ച ഒന്നാം തിയതി ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് മേയറുടെ വിശദീകരണം. സ്വന്തം നിലക്കും പാർട്ടി തലത്തിലും അന്വേഷിക്കുമെന്ന് മേയർ അറിയിച്ചു. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രതികരണം.

അതേസമയം കത്ത് എഴുതിയാലും ഇല്ലെങ്കിലും വൻ ക്രമക്കേട് നടന്നെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങി. കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. യുവമോർച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി .
ഇതിന് പുറമേ, പാർലമെൻ്ററി പാർട്ടി നേതാവിന്‍റെ പേരിലുള്ള കത്തും പുറത്ത് വന്നിട്ടുണ്ട്. കൗൺസിലർ അനിൽ ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തായത്. 3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.