കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ കരാർ നിയമന ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രൻ; സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്ത് വിവാദത്തിൽ

കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് അയച്ചിരിക്കുന്നത്. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിന് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. എന്നാൽ കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു

മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പൂർണരൂപം

‘തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസസ വേദനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര് , വേക്കൻസി, എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഉദ്യോഗാർഥിയുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്മായ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു’