ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ഏജന്‍റ് കഴിച്ചു ; പിന്നെ സംഭവിച്ചത് ഇങ്ങനെ…!

ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഇന്ന് മിക്ക രാജ്യങ്ങളിലും സജീവമാണ്. നഗരങ്ങളിലാണെങ്കില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി കൃത്യസമയത്ത് നടക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. കാലാവസ്ഥ, ട്രാഫിക് എന്നിവ തന്നെയാണ് പ്രധാന കാരണങ്ങള്‍. അതിനാല്‍ തന്നെ ഭക്ഷണത്തിനായി അല്‍പം കാത്തിരിക്കാന്‍ മിക്ക ഉപഭോക്താക്കളും ശീലിക്കാറുണ്ട്. എന്നാൽ ഓർഡർ ചെയ്ത ഭക്ഷണം നേരം കുറേ കാത്തിരുന്നിട്ടും കിട്ടാതിരുന്ന യു. കെയിലെ ഒരു കസ്റ്റമറുടെ രസകരമായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇദ്ദേഹത്തിന് ഭക്ഷണം കിട്ടിയില്ലെന്ന് മാത്രമല്ല, ഡെലിവെറി ഏജന്‍റിന്‍റെ ഭാഗത്ത് നിന്നും വിചിത്രമായ പെരുമാറ്റം കൂടി നേരിടേണ്ടി വന്നിരിക്കുകയാണ്.
ലിയാം ബഗ്നല്‍ എന്നയാള്‍ക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. ഡെലിവെറോ എന്ന ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇദ്ദേഹത്തിന് സമയം അതിക്രമിച്ചിട്ടും ഭക്ഷണം കിട്ടിയില്ല. ഒടുവില്‍ ഡെലിവെറി ഏജന്‍റിന്‍റെ ഒരു മെസേജാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ആദ്യം ‘സോറി’ എന്ന് മാത്രമായിരുന്നു ഡെലിവെറി ഏജന്‍റ് മെസേജ് ആയി അയച്ചത്. എന്താണ് സംഭവിച്ചത് എന്ന് ലിയാം തിരിച്ചുചോദിച്ചപ്പോള്‍, താങ്കളുടെ ഭക്ഷണം വളരെ രുചികരമായതിനാല്‍ ഞാനത് കഴിച്ചു, താങ്കള്‍ക്ക് ഇത് കമ്പനിയോട് പരാതിപ്പെടാം എന്നായിരുന്നു മറുപടി. ഇത് കണ്ടതോടെ അത്ഭുതവും രോഷവും കലര്‍ന്ന രീതിയില്‍ ലിയാം വീണ്ടും ഇദ്ദേഹത്തിന് മെസേജ് അയച്ചു. താങ്കളൊരു വിരുതനായ ആള്‍ തന്നെ എന്നായിരുന്നു അയച്ചത്. ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല എന്നായിരുന്നു അതിന് കിട്ടിയ മറുപടി. ഡെലിവെറി ഏജന്‍റുമായുള്ള ഈ ചാറ്റിന്‍റെ സ്ക്രീൻഷോട്ട് അടക്കം സംഭവം ട്വിറ്ററിലൂടെയാണ് ലിയാം പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ ട്വീറ്റ് വൈറലായി. ഇതോടെ ഖേദം പ്രകടിപ്പിച്ച് ഡെലിവെറോ കമ്പനി രംഗത്തത്തി. ലിയാമിന് ഇവര്‍ വീണ്ടും ഭക്ഷണം എത്തിച്ചുനല്‍കി. നേരിട്ട മോശം പെരുമാറ്റത്തിന്‍റെ പേരില്‍ പരിഹാരമെന്നോണം ചില ഓഫറുകളും ഇവര്‍ ലിയാമിന് നല്‍കിയിട്ടുണ്ട്. ഡെലിവെറി ഏജന്‍റിനെ കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരം പ്രവണതകള്‍ തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കമ്പനി അറിയിച്ചു.