ബലാത്സംഗ അതിജീവിതരിൽ രണ്ട് വിരൽ പരിശോധന നടത്തരുത് ; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രിം കോടതി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും കോടതി വ്യക്തമാക്കി. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി വിലയിരുത്തി. ടി എഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇരട്ട വിരല്‍ പരിശോധന കൈവിരലുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.