പാറശാലയിലെ ഷാരോണിന്റെ മരണം : ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാഫലം

പാറശാലയില്‍ പെണ്‍ സുഹൃത്ത് നല്‍കിയ പാനിയം കഴിച്ച് യുവാവ് മരിച്ച കേസില്‍ തുടക്കത്തില്‍ രക്ത പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തിയിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസിലീറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മൊത്തം ബിലിറൂബിന്‍ ടെസ്റ്റില്‍ ഡെസിലീറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് ആയാണ് കണക്കാക്കുന്നത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയില്‍ ബിലിറൂബിന്‍ കൗണ്ട് ഡെസിലീറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നതായി കാണുന്നു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിന്‍ പറയുന്ന്. അവശനായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.ഷാരോണ്‍ രാജിനെ വിഷം കലര്‍ത്തി കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പെണ്‍കുട്ടി പറയുന്നത്.