ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ കണ്ണൂർ സർവ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ നടപടിക്ക് സാധ്യത. ചാൻസലർക്കെതിരായ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും. രാജ്ഭവൻ നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.ചാൻസിലർക്കെതിരായ പ്രമേയത്തിന് വി സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ 9 വി സി മാരോട് പദവിയിൽ നിന്ന് രാജിവെക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഈ വ്യാഴാഴ്ചയാണ് കണ്ണൂർ സർവകലാശാല യോഗം ചേർന്ന് ഗവർണർക്കെതിരെ ഒരു പ്രമേയം പാസാക്കിയത്. സർവകലാശാലയുടെ സ്വയം ഭരണത്തെ തകർക്കുന്ന നിലപാടാണ് ചാൻസലറായ ഗവർണർ സ്വീകരിക്കുന്നതെന്നും അദ്ദേഹത്തതിന്റെ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്നതാണെന്നും ഉന്നയിച്ചായിരുന്നു പ്രമേയം. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്. എങ്ങനെയാണ് ചാൻസലർക്കെതിരായ ഒരു പ്രമേയം അവതരിപ്പിക്കാൻ വി സി അനുമതി കൊടുത്തത് എന്നാണ് ഗവർണർ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ ഇതുവരെ ഔദ്യോഗികമായി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സർവ്വകലാശാല അറിയിച്ചു.
നേരത്തെ കേരള യൂണിവേഴ്സിറ്റി വി സിയുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണറുടെ തീരുമാനത്തിന് വിരുദ്ധമായി യോഗത്തിൽ നിന്ന് വിട്ട്നിന്ന 15 സിൻഡിക്കേറ്റ് അംഗങ്ങളെ പിരിച്ചുവിട്ടിരുന്നു. ഇതിന് സമാനമായ ഒരു നിലപാടായിരിക്കുമോ ഇവിടെയും സ്വീകരിക്കുക എന്നാണ് നോക്കിക്കാണേണ്ടത്.